അവസാനം അതും സംഭവിച്ചു. കാന്തപുരം ഉസ്താദും ഫേസ്ബുക്കിലെത്തി. എത്തി മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകൾ ഉസ്താദിന് കിട്ടി. ലേറ്റായി വന്താലും ലേറ്റസ്റ്റായിവരുവേന്‍ എന്ന് പറഞ്ഞ പോലെ വളരെ രാജകീയമായിത്തന്നെയാണ് ഉസ്താദ് അവർകൾ വന്നിട്ടുള്ളത് കേരളത്തിൽ ലക്ഷക്കണക്കിന് അനുയായികളുള്ള സൂപ്പർ ലക്ഷ്വറി പണ്ഡിതനായതിനാൽ അതിന്റെ കെട്ടും മട്ടും സോഷ്യൽ മീഡിയയിലും കാണണമല്ലോ. തുടക്കം മോശമായിട്ടില്ല എന്ന് വേണം പറയാൻ. ലൈക്കുകളും ഷെയറുകളും വേണ്ടത്ര ലഭിക്കുന്നുണ്ട്. അനുയായികൾ പറന്ന് നടന്ന് പ്രമോട്ട് ചെയ്യുന്നുണ്ട്, ലൈക്ക് അഭ്യർത്ഥിക്കുന്നുണ്ട്. സംഗതി പൊടിപൂരമായി മുന്നോട്ട് പോകുന്നുണ്ട് എന്നർത്ഥം. ഇതൊരു നവമാധ്യമ കാലമാണ്. പുതുതലമുറയുടെ മാത്രമല്ല, പഴയ തലമുറയുടെയും ആശയ സംവേദന വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഏറെ സ്വാധീനവും പരിഗണനയും ലഭിക്കുന്ന പണ്ഡിതന്മാർ സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം തന്നെയാണ്. ആശയ പ്രചാരണത്തിനും ബോധവത്കരണങ്ങൾക്കും അനന്ത സാധ്യതകളുള്ള ഈ മാധ്യമത്തെ അവഗണിച്ചു കൊണ്ട് വരും നാളുകളിൽ ആർക്കും മുന്നോട്ട് പോകാനാവില്ല. എത്ര പെട്ടെന്ന് ഇ-ഇടങ്ങളിൽ ഇരിപ്പുറപ്പിക്കുന്നുവോ അത്രയും നല്ലത് എന്നേ പറയാൻ പറ്റൂ.. ഇപ്പോൾ അറച്ചു നില്ക്കുന്നവരും മടിച്ചു നില്ക്കുന്നവരുമൊക്കെ ഇന്നല്ലെങ്കിൽ നാളെ ഇ-വഴികളിൽ സജീവമാകും. തീവ്രവാദം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ന് നവമാധ്യമങ്ങളിലാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ആരെയും ആശങ്കപ്പെടുത്തുന്ന രൂപത്തിൽ അവ അനുദിനം വർദ്ധിച്ചു വരികയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും ഇത് കാണുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന പണ്ഡിതൻമാർക്ക് ഈ രംഗത്ത് ക്രിയാത്മകമായ ചിലത് ചെയ്യാൻ കഴിയും. സമാധാനത്തിന്റെ സന്ദേശം ആവുന്നത്ര രൂപത്തിൽ പ്രചരിപ്പിക്കുവാനും അനുയായികളിലേക്ക് സമർത്ഥമായി അത് പകർന്നു നല്കുവാനും ഈ മാധ്യമങ്ങളിലൂടെ സാധിക്കും. അവരുടെ നവമാധ്യമ സാന്നിധ്യം സമുദായത്തിന്റെ സാംസ്കാരിക സാമൂഹ്യ നവോത്ഥാനത്തിന് ആക്കം കൂട്ടുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രവേശനത്തിന് എല്ലാ ആശംസകളും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ